*** Welcome to KALA Kuwait ***
ഭൂപടാതിർത്തി കടന്നു വളരുന്ന കേരള സമൂഹത്തിൽ പ്രാദേശീകതയ്ക്ക് പ്രാധാന്യമില്ലാതെയാവുന്നു
- ഡോ: കെ.എൻ. ഹരിലാൽ

ഭൂപടത്തിൽ രേഖപ്പെടുത്തിയ അതിർത്തികൾ ഭേദിച്ച് കേരളം വളരുകയാണ്. കേരളത്തിൽ നിന്നുള്ളവരും, ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും ചേർന്നതാണ് കേരളീയ സമൂഹം. ആ അർത്ഥത്തിൽ കേരളം കേരളത്തിനകത്തും കേരളത്തിനു പുറത്തും ജീവിക്കുന്നു എന്നു പറയാം. കേരളത്തിൽ നിന്നും ലോകമെമ്പാടേക്കുമുള്ള കുടിയേറ്റം ശ്രദ്ധിക്കപ്പെട്ട ഒന്നാണെങ്കിലും, കേരള പ്രവാസികൾ സാമൂഹികമായും രാഷ്ട്രീയമായും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നത് കൂടുതൽ ചർച്ച ചെയ്ത് കാണാറില്ല എന്ന് കേരള സംസ്ഥാന മുൻ പ്ലാനിംഗ് ബോർഡ് അംഗവും, 'സെന്റർ ഫോർ ഡെവലപ്പ്മെന്റ്സ്റ്റഡീസ്' പ്രൊഫസ്സറുമായ ഡോ: കെ.എൻ. ഹരിലാൽ പറഞ്ഞു. 'പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം'വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിതം ഒന്നിൽക്കൂടുതൽ പ്രദേശങ്ങളിലേക്കായി മാറിയിരിക്കുന്നു. അതിനാൽ തന്നെ ഇത്തരം സമൂഹത്തിൽ പ്രദേശത്തിന് പ്രാധാന്യമില്ലാതായി മാറി. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം കേരള സമ്പദ്-വ്യവസ്ഥയുടെ നട്ടെല്ലാണ്, ആഭ്യന്തര ഉൽപാദനത്തിന്റെ 35 ശതമാനത്തോളം വരുമിത്‌. അതുപോലെ ലോകത്തിൽ പ്രാവാസികളിൽ നിന്ന് ഏറ്റവും കൂടുതൽ വിദേശ പണം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. വിദേശ കറൻസി ലഭിക്കുന്നതിനുള്ള ഏറ്റവും വിശ്വസ്തനീയമായ സ്രോതസാണിത്. പക്ഷെ വിദേശ വിനിമയം നടക്കുന്ന മറ്റു മേഖലകൾക്ക് ലഭിക്കുന്ന സംരക്ഷണം പ്രവാസികൾക്ക് ലഭിക്കുന്നില്ല.
പ്രവാസികളോടുള്ള എല്ലാ നയങ്ങളും ചൂഷണത്തിന് വിധേയമാണ്. അതിലൊന്നാണ് രാഷ്ട്രീയപരമായ കാര്യങ്ങളിൽ നിന്ന് പ്രാവാസികളെ മാറ്റി നിർത്തുന്ന നയം. തീരുമാനങ്ങളെടുക്കുന്ന സമിതികളിലും മറ്റും രാജ്യാതിർത്തിക്കതീതമായി പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കണം. ഇത് നാമനിർദ്ദേശം ചെയ്യുന്ന പ്രതിനിധികളായോ, അല്ലെങ്കിൽ രാഷ്ട്ര/ സംസ്ഥാന അതിർത്തികൾക്ക് പുറത്ത് മണ്ഡലങ്ങൾ രൂപീകരിച്ചോ (ഫ്രഞ്ച് മോഡൽ) നടപ്പാക്കാൻ കഴിയണം. "ഇന്ത്യൻ ഇന്റർനാഷണൽ പാർലമെന്റ് " അല്ലെങ്കിൽ "കേരള ഇൻറർനാഷണൽ പാർലമെന്റ്" പോലുള്ള ആശയങ്ങൾ ഇന്ത്യക്കാരെ അല്ലെങ്കിൽ കേരളീയരെ ഉൾപ്പെടുത്തി സുതാര്യമായ നാമനിർദ്ദേശ പ്രക്രിയയിലൂടെ നടപ്പാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
രാജധാനി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 'പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം' പ്രസിഡണ്ട്‌ വിനോദ്.എ.പി അദ്ധ്യക്ഷത വഹിച്ചു, "കേരളത്തിന്റെ സുസ്ഥിര വികസനത്തിന് പ്രവാസികളുടെ പങ്ക്" എന്ന വിഷയത്തിൽ സെമിനാർ നടന്നു. "കേരളത്തിന്റെ അടിസ്ഥാന വികസനം " എന്ന വിഷയത്തിൽ എഞ്ചിനീയർ ജോസഫ് പണിക്കർ, "സംരക്ഷിത കൃഷി" എന്ന വിഷയത്തിൽ ഡോ: ജോസ് കൈതാരത്ത്, "സുസ്ഥിര വികസനത്തിന് ഇസ്ലാമിക് ബാങ്കിംഗ്" എന്ന വിഷയത്തിൽ പ്രോഫസ്സർ അനിൽകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഷംനാദ്, സന്തോഷ്‌ കുമാർ, ബിജു ജനാർദ്ദനൻ, അശോക്‌ കുമാർ, റോബർട്ട്, അനിൽകുമാർ എന്നിവർ സംസാരിച്ചു.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us