*** Welcome to KALA, Kuwait ***
''അക്ഷരം-2015 സാംസ്‌കാരികമേള''

രാജാക്കന്മാരെക്കാള്‍ ജനം ഓര്‍ക്കുന്നത് എഴുത്തുകാരെ - എം എ ബേബി

Click here for more photos...
കുവൈറ്റ്‌ സിറ്റി: അക്ഷരങ്ങള്‍ക്ക് അതിജീവനശേഷിയുണ്ടെന്നും അക്ഷരദീപം തെളിച്ച ഷേക്‌സ്പിയറിന്റെ നാമം അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഭരണാധികാരികളുടെതിനെക്കാള്‍ എന്നും ഓര്‍ക്കപ്പൈടുന്നത് അതുകൊണ്ടാണെന്നും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖനും സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി പറഞ്ഞു.

കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ -കലയുടെ ഇക്കൊല്ലത്തെ മെഗാപരിപാടിയായ 'അക്ഷരം സാംസ്‌കാരികമേള'' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എ ബേബി.

കാലാകാലം നവീകരണത്തിന് വിധേയമാകുന്നത് ഭാഷയുടെ ആരോഗൃത്തിനും ആകര്‍ഷണീയതക്കും ആവശൃമാണ്. ശാസ്ത്രിയമായ ഒരു വിശാലഹൃദയത്തോടെ അനൃഭാഷകളിലെ വാക്കുകള്‍ സ്വീകരിക്കാന്‍ ഇംഗ്‌ളീഷിനു കഴിഞ്ഞു. അതുകൊണ്ട് ഇംഗ്‌ളീഷ് ഏറ്റവും വികസിതമായ ഭാഷയായി ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു.

പ്രതികൂല കാലാവസ്ഥയില്‍ സ്വന്തം അതിജീവനത്തിനുവേണ്ടി പണിയെടുക്കുന്നതിനിടയിലും അപരന്റെ വൃഥകളെക്കുറിച്ച് ഓര്‍ക്കുന്നവരാണ് പ്രവാസികളെന്നും മലയാളത്തെ രക്ഷിക്കാനും സംസ്‌കാരത്തെ തിരിച്ചറിയാനും കല-കുവൈത്ത് മുടങ്ങാതെ നടത്തുന്ന സൗജനൃ മാതൃഭാഷാ പരിപാടി ഏറ്റവും ശ്‌ളാഘനീയമായ ഭാഷാസേവനമാണെന്നും ബേബി പറഞ്ഞു.

ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസിന്റെ സ്വാഗതത്തോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ്‌ ടി.വി.ഹിക്മത്ത് അദ്ധ്യക്ഷത വഹിച്ചു. അവതരണ ഗാനത്തോടെ ആരംഭിച്ച മേളയില്‍ കലയുടെ പ്രതീകമായ വിളക്കെന്തിത്തിയ പെണ്‍കുട്ടി വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. സാം പൈനുംമൂട് മാതൃഭാഷ സമിതിയുടെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ചടങ്ങിൽ വച്ച് മികച്ച സാമൂഹ്യ സേവനത്തിനുള്ള ഈ വർഷത്തെ രമേഷ് സ്മാരക അവാർഡ് ബഹറിൻ പ്രതിഭ പ്രവർത്തകനായ സുബൈർ കണ്ണൂരിനു നൽകി ആദരിച്ചു. സുബൈര്‍ കണ്ണൂരിനുള്ള പ്രശസ്തി പത്രം മീഡിയ സെക്രട്ടറി ആര്‍.നാഗനാഥന്‍ വായിച്ചു. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം ഡോ.ബിജി ബഷീറിനു നല്‍കി എം.എ.ബേബി നിര്‍വ്വഹിച്ചു.

മാതൃഭാഷ രജതജൂബിലി ലോഗോ രൂപകല്‍പന ചെയ്ത കലാ കുടുംബാംഗം സുനിലുള്ള ഉപഹാരം എം.എ.ബേബി കൈമാറി. കൂടാതെ കല-കുവൈത്ത് പ്രവർത്തകനായ പീതൻ കെ വയനാടിന്റെ കവിതാ സമാഹാരം 'നിൽക്കുന്നവർക്കൊപ്പം` പുസ്തകപ്രകാശനവും നടന്നു. സാഹിത്യവിഭാഗം സെക്രട്ടറി വികാസ് കീഴാറ്റൂര്‍ പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. കലയുടെ സജീവ പ്രവര്‍ത്തകരായ ബിനീഷ് ബാബുവിനും കുടുംബത്തിനും രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ എന്നിവര്‍ക്കുമുള്ള യാത്രയയപ്പും വേദിയിൽ വച്ച് നടന്നു. മാതൃഭാഷ പഠനത്തിന്‍റെ ചരിത്രം വിവരിക്കുന്ന ഡോകുമെന്ററിയുടെ പ്രകാശനവും തദവസരത്തില്‍ നടന്നു.

പ്രശസ്ത എഴുത്തുകാരനായ എ സേതുമാധവൻ, മാതൃഭാഷ സമിതി ചെയർമാൻ ജോണ്‍ മാത്യു, വനിതാവേദി പ്രസിഡന്റ്‌ ടോളി പ്രകാശ്‌, മാതൃഭാഷ വൈസ് ചെയർമാൻ ഡോ.ബിജി ബഷീർ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സെക്രട്ടറി വിജയൻ കാരയിൽ, പ്രഫഷണൽ ഫോറം പ്രസിഡന്റ്‌ വിനോദ് എ പി നായർ, ബാലവേദി ഫഹഹീല്‍ ഏരിയ കണ്‍വീണർ അപർണ ഷൈൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

ഈ വർഷത്തെ കല കുവൈറ്റ്‌-ബി.ഇ.സി ബാലകലാമേള ജേതാക്കൾക്കുള്ള സമ്മാനവിതരണം ബി.ഇ.സി. സി.ഇ.ഓ മാത്യു വര്‍ഗീസും വിശിഷ്ട അതിഥികളും ചേര്‍ന്ന്‍ നിര്‍വ്വഹിച്ചു. അക്ഷരം ജനറൽ കനവീനര്‍ ജെ.സജി നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് കല-കുവൈറ്റ്‌ കുടുംബാംഗങ്ങളുടെ കല സാംസ്ക്കാരിക പരിപാടികളും വൈകീട്ട് 6 മണിയോടെ ഗസൽ സംഗീതത്തിന്റെ പുതിയ പേരായ ഷഹബാസ് അമൻ നയിച്ച ഗസൽ സന്ധ്യയും മേളക്ക് മാറ്റുകൂട്ടി.

വീട്ടിലെങ്കിലും മലയാളം സംസാരിക്കുക, സേതു

കുവൈറ്റ്‌ സിറ്റി: കുടുബാന്തരീക്ഷത്തിലും സമൂഹത്തിലും സ്വന്തംഭാഷ എവിടെ നില്‍ക്കുന്നുവെന്ന് മലയാളികള്‍ ചിന്തിക്കേണ്ട സമയമായതായി പ്രശസ്ത നോവലിസ്റ്റും ആധുനികകഥാസാഹിത്യത്തിലെ മുന്‍നിരക്കാരനുമായ സേതു പറഞ്ഞു. മാതൃഭാഷയെ അവഗണിക്കുന്നതും വക്രീകരിക്കുന്നതും ഇന്ന് ടി വി ചാനലുകളില്‍ ഉള്‍പ്പെടെ ഒരു പ്രവണതയായി മാറിയിട്ടുണ്ട്. പാരമ്പര്യവും പഴക്കവും ഉള്ള ഒരു ഭാഷയ്ക്ക് അപചയം സംഭവിക്കുമ്പോള്‍ ആ ഭാഷയില്‍ അടിസ്ഥാനപ്പെട്ട ഒരു സംസ്കാരമാണ് ഭൂമുഖത്ത് ഇല്ലാതാവുന്നത്. സേതു ഓര്‍മ്മിപ്പിച്ചു. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല നടത്തിവരുന്ന സൌജന്യ മാതൃഭാഷാ പരിപാടിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോള്‍ ഇപ്പോഴുള്ള ആറായിരം ഭാഷകളില്‍ പത്തുശതമാനം മാത്രമേ ലോകത്ത് ബാക്കിയാവുകയുള്ളൂ എന്നാണ് കണക്ക്. മരിക്കുന്ന ഭാഷകളില്‍ പെടാന്‍ നാം ആഗ്രഹിക്കുന്നില്ല, മറ്റു ഭാഷകള്‍ പഠിക്കുമ്പോഴും മലയാളത്തിനോടുള്ള പ്രതിപത്തി സൂക്ഷിക്കാന്‍ പുതിയ തലമുറക്ക് കഴിയണം. മറ്റെന്തു പ്രലോഭനമുണ്ടെങ്കിലും വീട്ടിലെങ്കിലും മലയാളം സംസാരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. സേതു പറഞ്ഞു.

ഭാഷാഭിമാനികളും അതികായരുമായ അധ്യാപകര്‍ ഇന്ന് വളരെ കുറവാണ്. ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യമുണ്ടായിട്ടും ബംഗാളിയില്‍ മാത്രം സിനിമയെടുത്ത് വിശ്വവിഖ്യാതനായി മാറിയ സത്യജിത്റേ ഭാഷാഭിമാനികള്‍ക്ക് ഒരു നല്ല മാതൃകയാണ്. അദ്ദേഹം പറഞ്ഞു.

Click here for more photos...

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us