*** Welcome to KALA, Kuwait ***
മാതൃഭാഷ രജതജൂബിലി, ലോഗോ പ്രകാശനം ചെയ്തു

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേർസ് അസ്സോസിയേഷ൯, കല കുവൈറ്റ്‌ നേതൃത്വത്തില്‍ കഴിഞ്ഞ ഇരുപത്തിഅഞ്ചു വര്‍ഷമായി നടന്നു വരുന്ന മാതൃഭാഷ പഠനത്തിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ 'ലോഗോ'യുടെ പ്രകാശനം നടന്നു. അബ്ബാസിയ കലാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ജോണ്‍ മാത്യു സമിതി അംഗം ചെസ്സില്‍ രാമപുരത്തിന് നല്‍കി ലോഗോയുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രവാസി മലയാളികളില്‍നിന്നും ലഭിച്ച നിരവധി ലോഗോകളില്‍ നിന്നും കല കുവൈറ്റ്‌ ഫഹഹീല്‍ യൂണിറ്റ് കമ്മറ്റി അംഗം കെ.സുനില്‍ തയ്യാറാക്കി അയച്ച ലോഗോയാണ് മികച്ച ലോഗോയായി തെരഞ്ഞെടുത്തത്. ലോഗോ രൂപകല്‍പന ചെയ്ത കെ.സുനിലിന് മാതൃഭാഷ പഠന ഉദ്ഘാടന വേദിയില്‍വെച്ചു പ്രത്യേക സമ്മാനം നല്‍കി ആദരിക്കും.

തുടര്‍ന്ന് നടന്ന ആഘോഷ പരിപാടികളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ ജനറല്‍കണ്‍വീനര്‍ സാം പൈനുംമൂട്, കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു, ബാബു.ജി.ബത്തേരി, ഇഖ്‌ബാല്‍ കുട്ടമംഗലം, ജോയ് മുണ്ടാക്കാടന്‍, പ്രസീദ്കരുണാകരന്‍, ഷിനോജ് മാത്യു, എന്‍.അജിത്കുമാര്‍, ആര്‍.നാഗനാഥന്‍, സ്കറിയ ജോണ്‍, ജെ.സജി, സജീവ്‌.എം.ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ജോണ്‍ മാത്യു അദ്ധ്യക്ഷനായിരുന്നു.

പ്രചാരണ പരിപാടികള്‍ മാര്‍ച്ച് 20ന് ആരംഭിക്കുക, സിലബസ് പരിഷ്കരിക്കുക, മേഖല കേന്ദ്രങ്ങളില്‍ ക്ലാസ്സുകളും അദ്ധ്യാപകരേയും കണ്ടെത്തുക, മെയ്‌ ആദ്യവാരം അധ്യാപക പരിശീലന കളരി സംഘടിപ്പിക്കുക, മെയ്‌ അവസാനവാരം രജതജൂബിലി ആഘോഷം നടത്തുക തുടങ്ങി നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട മാതൃഭാഷ സമിതി കുടുംബാംഗം കുമാരി മറിയ മാത്യുവിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. ചടങ്ങിനു സമിതി വൈസ് ചെയര്‍പേര്‍സന്‍ ലിസി കുര്യാക്കോസ് സ്വാഗതവും രഘുനാഥന്‍ നായര്‍ നന്ദിയും പ്രകാശിപ്പിച്ചു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us