*** Welcome to KALA, Kuwait ***
രമേശ്‌ സ്മാരക പ്രവാസി പുരസ്കാരം 'സുബൈര്‍ കണ്ണൂരിന്'

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ മുന്‍ ഭാരവാഹിയും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മണ്മറഞ്ഞ ആര്‍.രമേഷിന്‍റെ സ്മരണാര്‍ത്ഥം കല കുവൈറ്റ്‌ ഏര്‍പ്പെടുത്തിയ 'ആര്‍.രമേശ്‌ സ്മാരക പ്രവാസി പുരസ്കാരത്തിന് ബഹറൈനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ 'സുബൈര്‍ കണ്ണൂര്‍' അര്‍ഹനായി. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കല കുവൈറ്റ്‌ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തിലാണ് അവാര്‍ഡ്‌ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം മുതലാണ്‌ കല കുവൈറ്റ്‌, പ്രവാസ ലോകത്തെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായി ഇടപെടുന്നവരെ ആദരിക്കുക എന്ന ഉദ്ദേശത്തില്‍ ഈ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്.

ബഹറൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകരില്‍ ഒഴിവാക്കാനാകാത്ത പേരാണ് 'സുബര്‍ കണ്ണൂരിന്‍റെത്. ഇരുപത്ത് വര്‍ഷത്തില്‍ അധികമായി ബഹറൈനില്‍ ഉള്ള സുബൈര്‍, അവിടുത്തെ ആരോരും തുണയില്ലാതെയാവുന്നവരുടെ എല്ലാമെല്ലാമാണ്. ബഹറൈനില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കഴിഞ്ഞ ഇരുപത്തിഅഞ്ച് വര്‍ഷമായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു. രണ്ടായിരത്തിലധികം മൃത ശരീരങ്ങള്‍ സുബര്‍ കണ്ണൂരിന്‍റെ ഇടപെടലിന്റെ ഭാഗമായി നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എയിഡ്സ് രോഗികളടക്കമുള്ളവരുടെ ശവ ശരീരങ്ങള്‍ വരേ ഉണ്ടായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 00974 39682974 എന്ന ഹെല്‍പ് ലൈന്‍ മൊബൈല്‍ നമ്പര്‍ സുബൈര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ സഹായം തേടുന്നവരുടെ ആശ്രയമാണ്.

കണ്ണൂര്‍ വളപട്ടണം സ്വദേശിയായ സുബൈര്‍ ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘമായ 'പ്രതിഭയുടെ' പ്രധാന പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ സുബൈറിനെ തേടി എത്തിയിട്ടുണ്ട്.
മെയ്‌ 22 വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് നടക്കുന്ന കല കുവൈറ്റിന്‍റെ ഈ വര്‍ഷത്തെ മെഗാ സാസ്കാരിക മേളയായ 'അക്ഷരം-2015' വേദിയില്‍ വെച്ച് സുബൈര്‍ കണ്ണൂര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങും.

ഒലീവ് ഓഡിറ്റോറിയത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു, ജെ.സജി, സാം പൈനുംമൂട്, ഷാജു.വി.ഹനീഫ്, സജീവ്‌ എം.ജോര്‍ജ്ജ്, ആര്‍.നാഗനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us