Trending

News Details

അബ്ബാസിയ മേഖല കമ്മിറ്റി നടത്തുന്ന കാരംസ് ടൂർണമെന്റിന് തുടക്കമായി.

  • 15/03/2025
  • 256 Views

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റി നടത്തുന്ന കാരംസ് ലീഗ് ടൂർണമെന്റിന് തുടക്കം കുറിച്ചു. 2025 മാർച്ച് 15ന് ആരംഭിച്ച് 28ന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അബ്ബാസിയ കല സെന്ററിൽ മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കല കുവൈറ്റ് ആക്‌റ്റിംഗ് പ്രസിഡന്റ് പി വി പ്രവീൺ ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് കായികവിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ ടൂർണമെന്റിന് ആശംസയറിയിച്ച് സംസാരിച്ചു. കാരംസ് മത്സര കോ-ഓർഡിനേറ്റർ അശോകൻ കൂവ മത്സര നടത്തിപ്പിനെ കുറിച്ചുള്ള വിശദീകരണം നൽകി. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം ജെബിൻ എബ്രഹാം നന്ദി പറഞ്ഞു. അബ്ബാസിയ കല സെന്ററിൽ വച്ച് ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 7 മണി മുതലാണ് മത്സരങ്ങൾ നടക്കുക. സിംഗിൾസ്, ഡബിൾസ് എന്നീ കാറ്റഗറികളിലായി കല കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നും ഇരുന്നൂറോളം മത്സരാർത്ഥികളാണ് കാരംസ് ലീഗിൽ പങ്കെടുക്കുന്നത്. മത്സരം വീക്ഷിക്കാനായി മുഴുവൻ കായികപ്രേമികളെയും അബ്ബാസിയ കല സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.