മലയാളത്തിലെ പ്രശ്സ്ത സാഹിത്യ വിമർശകനും അദ്ധ്യാപകനും ചിന്തകനുമായിരുന്ന പ്രൊഫ: എം കെ സാനുവിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ ആദരാഞ്ജലികൾ.
കുവൈറ്റ് സിറ്റി: കേരളം കണ്ട ഏറ്റവും മികച്ച വാഗ്മിയും പ്രഭാഷകനുമായ സാനു മാഷിന്റെ വിയോഗത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. കല കുവൈറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്ന സാനു മാഷ് 1996 ൽ കല കുവൈറ്റിന്റെ ക്ഷണം സ്വീകരിച്ച് കുവൈറ്റിൽ എത്തിയിട്ടുണ്ട്. കല നടത്തിവരുന്ന സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ സമാപനത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. സാംസ്കാരിക - സാമൂഹ്യ മേഖലകളിലെ തിരഞ്ഞെടുക്കുന്ന ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി കുവൈറ്റ് കല ട്രസ്റ്റ് നൽകുന്ന പുരസ്കാരത്തിനും 2020 ൽ സാനു മാഷ് അർഹനായിട്ടുണ്ട്. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സാനു മാഷ് ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾക്കൊപ്പം എന്നും നിലയുറപ്പിച്ച
ജീവിതത്തിനുടമയായിരുന്നു. താൻ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി
വിളക്കിച്ചേർക്കാനും അതുവഴി കേരള
സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം
രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫും ആക്ടിംഗ് സെക്രട്ടറി ജെ സജിയും അനുശോചനകുറിപ്പിലൂടെ അറിയിച്ചു.