ആരവം 2K26" സംഘടിപ്പിച്ചു
"ആരവം 2K26" സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലിഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് "ആരവം 2K26" പൂക്കളമത്സരവും, പായസമത്സരവും, കലാ പരിപാടികളും സംഘടിപ്പിച്ചു. അബുഹലിഫ മേഖല പ്രസിഡന്റ് സുധിൻ കുമാറിന്റെ അധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ വച്ച് നടന്ന പരിപാടി കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് സുമിത വിശ്വനാഥ് ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി പ്രവീൺ പി വി, കലാവിഭാഗം സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
ഇരുപത്തിയൊന്നോളം പേർ പങ്കെടുത്ത വ്യത്യസ്ത രുചികളിൽ തയ്യാറാക്കിയ പായസമത്സരത്തിൽ അബുഹലിഫ എ യൂണിറ്റിലെ പ്രീവ കെ വർഗീസ് ഒന്നാം സ്ഥാനവും, അബുഹലിഫ എ യൂണിറ്റിലെ ഷേർലി ശശിരാജൻ രണ്ടാം സ്ഥാനവും, അബുഹലിഫ ജി യൂണിറ്റിലെ ബോബി സാധാനന്ദൻ മൂന്നാം സ്ഥാനവും നേടി. പത്തോളം യൂണിറ്റ് ടീമുകൾ പങ്കെടുത്ത പൂക്കളമത്സരത്തിൽ അബുഹലിഫ ബി യൂണിറ്റ് ഒന്നാം സ്ഥാനവും, മെഹബുള്ള സീ സൈഡ് യൂണിറ്റ് രണ്ടാം സ്ഥാനവും, അബുഹലിഫ എ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേന്ദ്ര കമ്മറ്റിയംഗങ്ങളും മേഖലകമ്മറ്റി അംഗങ്ങളും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
മാവേലിയുടെയും കേരളീയ വസ്ത്രമണിഞ്ഞ ബാലികമാരുടെയും പുലിക്കളിയുടെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ ഘോഷയാത്രയും, മേഖലയിലെ അംഗങ്ങളുടെ കൈകൊട്ടിക്കളിയും, ഓണപ്പാട്ടും, കുട്ടികളുടെ തിരുവാതിരയും വിവിധ ഗെയിമുകളും പരിപാടിക്ക് മാറ്റുകൂട്ടി.
അബുഹലിഫ മേഖല ആക്ടിംഗ് സെക്രട്ടറി ഗോപികൃഷ്ണൻ സ്വാഗതം ആശംസിച്ച പരിപാടിക്ക് മേഖല എക്സിക്യൂട്ടീവ് അംഗം അജിത തോമസ് നന്ദി രേഖപ്പെടുത്തി.