Trending

News Details

നോർക്ക കെയർ പ്രീമിയം വർധന: പ്രവാസികളെ കൊള്ളയടിക്കുന്ന നടപടി പിൻവലിക്കണം - കല കുവൈറ്റ്

  • 28/10/2026
  • 17 Views

നോർക്ക കെയർ പ്രീമിയം വർധന: പ്രവാസികളെ കൊള്ളയടിക്കുന്ന നടപടി പിൻവലിക്കണം - കല കുവൈറ്റ്

കുവൈറ്റ് സിറ്റി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകളിലുണ്ടായ അന്യായമായ വർധന പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽ ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇടതുപക്ഷ സർക്കാർ പ്രവാസികളുടെ ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ താൽപര്യങ്ങൾക്കുവേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാരിന്റേതെന്നും സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് നോർക്ക കെയറിൽ അംഗങ്ങളായ പ്രവാസികൾക്ക് പുതിയ പ്രീമിയം വർധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോർക്ക കെയർ പദ്ധതി ആരംഭിച്ചത്. ഉയർന്ന ചികിത്സാച്ചെലവ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസി കുടുംബങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമായിരുന്നു. എന്നാൽ, പുതിയ പ്രീമിയം നിരക്കുകൾ കുറഞ്ഞ വരുമാനക്കാരെയും വിരമിച്ചവരെയും മുതിർന്ന പ്രവാസികളെയും കടുത്ത സാമ്പത്തിക ബാധ്യതയിലാക്കുന്നതാണ്.

പുറത്തുവന്ന നിരക്കുപട്ടിക പ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61–70 വിഭാഗത്തിൽ 28,326 രൂപയും 71–80 വിഭാഗത്തിൽ 48,279 രൂപയുമാണ് പ്രീമിയം. ഇതേ തുകയ്ക്കുള്ള കുടുംബ ചികിത്സാ പരിരക്ഷയ്ക്ക് യഥാക്രമം 35,664 രൂപ, 44,718 രൂപ, 77,773 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. പ്രീമിയം കുത്തനെ ഉയർത്തുന്നത് ചികിത്സാ പരിരക്ഷ ഏറ്റവും ആവശ്യമായ പ്രായത്തിൽ മുതിർന്ന പ്രവാസികളെ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് അകറ്റുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് കല കുവൈത്ത് വ്യക്തമാക്കി.

ജീവിതത്തിന്റെ വലിയൊരു ഭാഗം വിദേശത്ത് അധ്വാനിച്ച് കുടുംബത്തിന്റെയും നാടിന്റെയും വികസനത്തിന് സംഭാവന നൽകിയ പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ക്ഷേമപദ്ധതികളുടെ ലക്ഷ്യം സാമ്പത്തിക ലാഭമല്ല, സാധാരണക്കാർക്ക് സുരക്ഷയും ആശ്വാസവും ഉറപ്പാക്കലാണെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

അന്യായമായ പ്രീമിയം വർധന പിൻവലിച്ച് മുതിർന്ന പ്രവാസികൾക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കണം. നിലവിലുള്ള അംഗങ്ങളുടെ ചികിത്സാ പരിരക്ഷയ്ക്ക് തടസ്സമില്ലാതെ പോളിസി പുതുക്കാനുള്ള അവസരമൊരുക്കുകയും പ്രവാസി സംഘടനകളുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയും വേണം. പ്രവാസിക്ഷേമം വാഗ്ദാനങ്ങളിൽ ഒതുങ്ങാതെ പ്രായോഗികമായി നടപ്പാക്കണമെന്നും നോർക്ക കെയറിന്റെ ക്ഷേമസ്വഭാവം സംരക്ഷിച്ച് പ്രീമിയം വർധന പിൻവലിക്കണമെന്നും കല കുവൈത്ത് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു